സഭൈക്യ വാര സമാപനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വം

പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര മഹോത്സവത്തിലെ സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ജനുവരി 25-ാം തിയതി തിങ്കളാഴ്ചയാണ് പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര മഹോത്സവം. അന്നു പ്രാദേശിക സമയം വൈകുന്നേരം 5.30-ന് റോമന്‍ ചുവരിനു പുറത്തുള്ള പൗലോസ്ലീഹായുടെ ബസിലിക്കയില്‍ നടത്തപ്പെടുന്ന സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിക്കും. വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവ സഭകള്‍ ആചരിക്കുന്ന സഭൈക്യവാരത്തിന്‍റെ സമാപനദിനമാണ് തിങ്കളാഴ്ച. വിവിധ സഭകളുടെയും, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭാസമൂഹങ്ങളുടെയും പ്രതിനിധികള്‍, റോമിലെ സഭാനേതൃത്വത്തോടും വിശ്വാസ സമൂഹത്തോടുമൊപ്പം പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കുമെന്നും മോണ്‍സീഞ്ഞോര്‍ മരീനി വിശദീകരിച്ചു. പ്രാര്‍ത്ഥന ശുശ്രൂഷയില്‍ പാപ്പാ വചനപ്രഘോഷണം നടത്തി ക്രൈസ്തവൈക്യത്തിന്‍റെ സന്ദേശം നല്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. 'സകലരോടും ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍...' (1പത്രോസ് 2, 9) എന്ന സന്ദേശവുമായിട്ടാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ജൂബിലി വത്സരത്തിലെ ക്രൈസ്തവൈക്യവാരം ആചരിക്കുന്നത്. ജനുവരി 18 മുതലുള്ള 25-വരെയുള്ള എട്ടു ദിവസങ്ങളാണ് ലോകത്തുള്ള വിവിധ സഭകള്‍ എല്ലാവര്‍ഷവും ക്രൈസ്തവൈക്യ വാരമായി (Christian Unity Octave) ആചരിക്കുന്നത്. Source: Vatican Radio