കര്‍ദ്ദിനാള്‍ മവൂങ് ബോ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധി

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി ഫിലിപ്പീന്‍സിലെ 51-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ മ്യാന്മാറിലെ യോംഗോണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാല്‍ ചാള്‍സ് മവൂങ് ബോ പങ്കെടുക്കും. ജനുവരി 21-ാം തിയതി വത്തിക്കാനില്‍നിന്നും ഫിലപ്പീന്‍സിലേയ്ക്ക് അയച്ച ലത്തീന്‍ ഭാഷയിലുള്ള ഔദ്യോഗിക നിയമന പത്രിക പ്രകാരമാണ് ഫിലിപ്പീന്‍സിലെ ചെബു നഗരത്തില്‍ അരങ്ങേറുന്ന 51-ാം അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രിസ്സില്‍ സലീഷ്യന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മാവൂങ് ബോയെ പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രതിനിധിയായി നിയോഗിച്ചത്. കര്‍ദ്ദിനാള്‍ ബോയുടെ നിയമനം വത്തിക്കാന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണെങ്കിലും ഔദ്യോഗിക നിയമനപത്രിക കോണ്‍ഗ്രസിന്‍റെ വേദിയിലാണ് പുറത്തുവിട്ടത്. ആകാശവും ഭൂമിയും സംഗമിക്കുന്ന കൂട്ടായ്മയുടെ യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അതിനാല്‍ സൃഷ്ടികളെല്ലാം ദിവ്യകാരുണ്യ ആരാധനയിലൂടെ സൃഷ്ടാവിനു സ്തുതി പാടുകയും, ദൈവത്തോട് പ്രതിനന്ദി പ്രകടമാക്കുകയും ചെയ്യുന്ന മഹല്‍ സംഭവമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന് ഈ ആത്മീയ സംഗമത്തിന്‍റെ പ്രാധാന്യവും പ്രസക്തിയും ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമന പത്രികയില്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ട്. തന്‍റെ സ്നേഹത്തില്‍ ദൈവം രൂപപ്പെടുത്തിയ സകല സൃഷ്ടികളും സന്തോഷപുരസരം അവിടുത്തെ സ്തുതിച്ചുകൊണ്ടും ആരാധിച്ചുകൊണ്ടും ഒത്തുചേരുന്ന ആനന്ദ മൂഹര്‍ത്തമാവട്ടെ ഇതെന്നും പാപ്പാ കത്തില്‍ ആശംസിക്കുന്നു. ജനുവരി 24-ാം തിയതി ഞായറാഴ്ച ഫിലിപ്പീന്‍സിലെ ചെബു നഗരത്തിലുള്ള വിസ്തൃതവും മനോഹരവുമായ "ഡോക്ടേഴ്സ് യൂണിവേഴ്സിറ്റി" ക്യാമ്പസ്സില്‍ അരങ്ങേറുന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് ജനുവരി 31-ാം തിയതി ഞായറാഴ്ച വരെ നീണ്ടുനില്ക്കും. ദൈവമനുഷ്യ ബന്ധം അനുദിനം സുസ്ഥിരമാക്കുന്ന ദിവ്യകാരുണ്യ രഹസ്യത്തിലൂടെ വിശ്വാസികളുടെ ആദ്ധ്യാത്മിക ജീവിത നവീകരണം യാഥാര്‍ത്ഥമാക്കുവാന്‍, 'മഹത്വത്തിന്‍റെ പ്രത്യാശ ക്രിസ്തുവാകുന്നു...' എന്ന വചനാധിഷ്ഠിതമായ ആപ്തവാക്യം ധ്യാനിക്കുവാനും പഠിപ്പിക്കുവാനും ഈ ദിനങ്ങളില്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ കത്ത് ഉപസംഹരിച്ചത്. Source: Vatican Radio