വിദ്യാര്‍ഥികള്‍ സമൂഹത്തിനു മുഴുവന്‍പ്രകാശം പകരേണ്ടവര്‍: മാര്‍ ആലഞ്ചേരി

കൊച്ചി: സമൂഹത്തിനു മുഴുവന്‍ പ്രകാശം പകര്‍ന്നു മാതൃകകളാകേണ്ടവരാണു വിദ്യാര്‍ഥികളെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തൃക്കാക്കര ഭാരതമാതാ കോളജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍ നിന്ന് അറിവിന്റെയും ധാര്‍മികമൂല്യങ്ങളുടെയും സാമൂഹ്യപ്രതിബദ്ധതയുടെയും ഊര്‍ജം സ്വീകരിച്ച് അതു തങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്കു സാധിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. ജൂബിലിയോടനുബന്ധിച്ചു കോളജ് ആവിഷ്കരിച്ച ബിഎംസി എക്സലന്‍സ് അവാര്‍ഡ് പദ്ധതി മാര്‍ ആലഞ്ചേരി പ്രഖ്യാപിച്ചു. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. ലാംഗ്വേജ് ലാബ്, സോളാര്‍ എനര്‍ജി പദ്ധതികളുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ പഠനമേഖലയിലെ മികവ് ഉറപ്പാക്കുന്നതിനൊപ്പം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പ്രത്യേകമായി പരിഗണിച്ച് അവര്‍ക്കു പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നു ജൂബിലി സ്റുഡന്റ്സ് ഫാമിലി സപ്പോര്‍ട്ട് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുവര്‍ണജൂബിലി സന്ദേശം കോളജ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്റോ കിലുക്കന്‍ വായിച്ചു. ബെന്നി ബഹനാന്‍ എംഎല്‍എ സ്പോര്‍ട്സ് കോംപ്ളക്സ് പദ്ധതി സമര്‍പ്പിച്ചു. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷന്‍ മുതല്‍ ഭാരതമാതാ കോളജ് വരെയുള്ള റോഡിന്റെ പേര് ഭാരതമാതാ കോളജ് റോഡ് എന്നാക്കിയതിന്റെ നാമകരണം അദ്ദേഹം നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ളാസ് റൂം പദ്ധതി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യനും പിജി റിസര്‍ച്ച് അവാര്‍ഡ് പദ്ധതി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാറും ഉദ്ഘാടനം ചെയ്തു. ഐ കാന്‍ മേക്ക് എ ഡിഫറന്‍സ് പദ്ധതി തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു ഉദ്ഘാടനം ചെയ്തു. വീല്‍സ് ഓണ്‍ മീല്‍സ് രണ്ടാം ഘട്ടം കോളജ് മാനേജര്‍ റവ.ഡോ. വര്‍ഗീസ് കളപ്പറമ്പത്ത് പ്രഖ്യാപിച്ചു. ഹാപ്പി ഹോം പദ്ധതി ആദ്യബാച്ചിലെ അധ്യാപകരുടെ പ്രതിനിധി പ്രഫ.പി.പി. ജോണും സ്റുഡന്റ്സ് അപ്രീസിയേഷന്‍ അവാര്‍ഡ് പദ്ധതി പ്രഥമ കോളജ് യൂണിയന്‍ ചെയര്‍മാന്‍ പി.ജെ. ജോസഫും അവതരിപ്പിച്ചു. സ്റുഡന്റ്സ് ഹെല്‍ത്ത് സ്കീം കോളജ് യൂണിയന്‍ ചെയര്‍മാന്‍ മാര്‍ട്ടിന്‍ ക്രിസ്റി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫ. ജോസ്. ജെ. പുതുശേരി, പ്രഫ. പ്രിന്‍സ് ജെ. ജോസ്വില്ല എന്നിവര്‍ പ്രസംഗിച്ചു. Source: Deepika